Sunday, June 27, 2010

22 ഒരു ഹാക്കറുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും....

ഹാക്കര്‍..ഹാക്കര്‍ എന്നു പറഞ്ഞുകേട്ടിട്ടേയുള്ളു.. പച്ച ജീവനോടെ ഇതുവരെ ഒരു ഹാക്കറേം കണ്ടിട്ടില്ല...

ഏതെങ്കിലും ഒരു ഹാക്കറുടെ അഡ്രസ് തരാമോന്ന് പോസ്റ്റ്മാന്‍ രാഘവവേട്ടനോട് ചോദിച്ചപ്പോ ന്‍റെ നാട്ടില് തന്നുള്ള സോമന്‍ ഹാക്കറുടെ അഡ്രസും ഫോണ്‍ നമ്പരും തന്നു....

ഹൊ... രക്ഷപെട്ടു... ഒരു ലോക്കല്‍ ഹാക്കറെത്തന്നെ കിട്ടിയത് ന്‍റെ ഫാഗ്യം...

ഉടനെ അടുത്ത ബൂത്തില്‍ കേറി  സോമനെ വിളിച്ചു... ഞാന്‍ വാസുവിന്‍റെ വിലാപങ്ങള്‍ എഴുതുന്ന വാസുവാണെന്ന് പറഞ്ഞപ്പോ പുള്ളിക്ക് ഫയങ്കര സന്തോഷം... എന്‍റെ ഓട്ടോഗ്രാഫ് വല്ലോം വേണമെങ്കില്‍ ഇരുനൂറ് പേജിന്‍റെ വരയിട്ട ബുക്ക് വാങ്ങിച്ചു വച്ചോളൂ എന്ന് പറയാനും ഞാന്‍ മറന്നില്ല....

ഇപ്പോത്തിരക്കിലാണ് വൈകിട്ട് ആറുമണിക്ക് പാലാഴി ബാറില്‍ വച്ചുകാണാമെന്ന് അവസാനം ധാരണയായി..

കൃത്യം ആറുമണിക്കുതന്നെ ഞാന്‍ പാലാഴിയിലെത്തി. വന്നുകേറിയുടനേ സ്റ്റാന്‍‍‍ഡിംഗില്‍ ഒരെണ്ണമങ്ങുകീറി....

ഏകദേശം ഒരു ആറ്... ആറേകാല്‍ ആയപ്പോ ... സോമന്‍ എത്തി.....

മുണ്ടും ഷര്‍ട്ടുമിട്ട ലളിത വേഷം.... നരനിലെ മോഹലാലിനെപ്പോലെ, വെള്ളക്കരയന്‍ നിക്കറ് പുറത്തുകാണുന്നരീതിയില്‍ മുണ്ട് മാടിക്കുത്തിയിട്ടുണ്ട്.....

കിരണ്‍ ടിവിയെലെ നാഷിന്‍റെ ആക്സന്‍റ് വരുത്തി ഞാന്‍ തുടങ്ങി...
"ഹല സോംസ്...ഐ ആം വാസ്... ഫ്രം വാസ്ന്‍റെ വിലാപ്ങ്‍ല്‍..."

"നമസ്കാരം വാസു... ഞാന്‍ താമസിച്ചോ....?"

"നോ നെവര്‍....അപ്പോ ന്താ പറയേണ്ടേ? ഞാന്‍ സീസറിന്‍റെ നാലെണ്ണം അടിച്ചു.."
ഒരു വെയിറ്റിനുവേണ്ടി അങ്ങനെ പറയേണ്ടി വന്നു

"എനിക്ക് ഓ.പി.ആര്‍ മതി..."

"എന്നാപ്പിന്നെ എനിക്കും അത് തന്നെ...."

ബെയററ് ചെക്കനെ വിളിച്ച് ഉടന്‍തന്നെ അര ലിറ്റര്‍ ഓ.പി.ആര്‍ പറഞ്ഞു...കൊറിക്കാന്‍ അവരുഫ്രീയായിട്ട് കീര്‍ത്തിചക്ര എന്ന് ഞങ്ങളു വിളിക്കുന്ന ഒരു സാധനം തരും... വേറെയെന്തിങ്കിലും വാങ്ങിക്ക​ണമെന്ന് വച്ചാ... ലത് സോമന്‍ വാങ്ങിക്കുവാരിക്കും.......ഞാന്‍ മനക്കോട്ട കെട്ടി

"അപ്പോ സോമന്‍ ഹാക്കറേ.. ഞാന്‍ താങ്കളോട് കുറച്ച് കാര്യങ്ങളു ചോദിക്കണമെന്ന് വിചാരിക്കുന്നു...."

"എന്താണ്..ചോദിച്ചോളു.."

"ഈ  സ്ക്രിപ്റ്റ് കിഡ്ഡി(script kiddie), ഹാക്കിംഗ്  ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്....?"

ഒരു തൊണ്ണുറ് വെള്ളം തൊടാതെ അടിച്ചുകൊണ്ട് സോമന്‍ സംസാരിച്ചു തുടങ്ങി...

"ശരിക്കും സ്ക്രിപ്റ്റ് കിഡ്ഡി എന്നുപറഞ്ഞാല്‍ ഏത് കൂതറക്കും ചെയ്യാം...ഒരു ടെക്നിക്കലായ അറിവും അതിന് ആവശ്യമില്ല....പക്ഷേ, വിദഗ്ദരായ ആളുകള്‍ക്കും മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണ്ഹാക്കിംഗ്...."

"മനസിലായില്ല.. എന്നു വച്ചാല്.....??"

"വാസൂന് ഫിഷിംഗ് (phishing) എന്നുപറഞ്ഞാലെന്താന്ന് അറിയോ?"

"ഉം...വല്യ വിവരമില്ലാത്തവരുടെ പറ്റിച്ച് പാസ്‍വേഡൊക്കെ ചൂണ്ടുന്ന പരിപാടിയല്ലേ...? ഫേക്ക് വെബ് പേജൊക്കെയുണ്ടാക്കി..."

"യെസ് അത് തന്നെയാണ്.... ഫിഷിംഗ് വെറുമൊരു ഫ്രാഡ് ട്രിക്ക് മാത്രമാണ്..കമ്പ്യൂട്ടര്‍ ഓണാക്കാന്‍ അറിയാവുന്ന കൊച്ചുപിള്ളേര്‍ക്കുപോലും അത് ചെയ്യാന്‍ പറ്റും.....

പിന്നെ സ്ക്രിപ്റ്റ് കിഡ്ഡി എന്ന് പറയുന്ന സാധനം......

ദേ അടുത്ത തൊണ്ണൂറും വെള്ളം തൊടാതെ അടിക്കുന്നു... എനിക്കത് കണ്ടിട്ടു സഹിച്ചില്ല ഞാനും വിട്ടു ഒരു രണ്ട് അറുപത്... ഹല്ല പിന്നെ...

.....ഐ മീന്‍ സ്ക്രിപ്റ്റ് കിഡ്ഡിയില്‍...
ആണുങ്ങള്‍ ഒണ്ടാക്കിവച്ചിരിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍  ഇന്‍റര്‍നെറ്റില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചോ ആണ് സൈബര്‍ക്രൈമുകള്‍ ചെയ്യുന്നത്..."

"കീലോഗറുകളെപോലെയുള്ള പ്രോഗ്രാമുകള്‍ ല്ലേ?"

"അതേയതേ...കീലോഗറുകളുമാത്രമല്ല വേറെയും പ്രോഗ്രാമുകളും ടെക്നിക്കുകളുമൊക്കെ സെര്‍ച്ചിയാ കിട്ടും. ശരിക്കും ഈ സ്ക്രിപ്റ്റ് കിഡ്ഡി ചെയ്യുന്നവന്മാര് ജന്മനാ അല്‍പജ്ഞാനികളായിരിക്കും എന്നാണ് ആറ്റുകാല്‍ രാധാകൃഷ്ണന്‍ പോലും പറയുന്നത്...."

അല്‍പജ്ഞാനി എന്ന് പറഞ്ഞപ്പോ സോമന്‍ എന്നെ സൂക്ഷിച്ചു നോക്കിയിരുന്നോ.... .
ഏയ്...ഇല്ല അതെനിക്ക് വെറുതേ തോന്നിയതാവും...

"അപ്പോ  ശരിക്കും ഹാക്കിംഗ് എന്നുപറഞ്ഞാലെന്തുവാ...?"
"ആക്ച്വലീ ഈ ഹാക്കിംഗ് എന്നുപറഞ്ഞാല്‍, കൊച്ചുപിള്ളേര്‍ക്ക് ട്രൗസറിട്ടുകൊടുക്കന്നപോലെ സിമ്പിള്‍ പണിയല്ല മിസ്റ്റര്‍ വാസൂ....കുറച്ചൂടെ വ്യക്തമാക്കിയാല്‍....

പ്രോഗ്രാമുകളിലോ അല്ലെങ്കില്‍ ഉപകരണങ്ങളിലോ  മാറ്റങ്ങള്‍ വരുത്തി, അത് ഉണ്ടാക്കിയവന്‍ ചിന്തിക്കാതിരുന്ന കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പണിയാണ് ഹാക്കിംഗ് എന്നു പറയേണ്ടിവരും..വേര്‍ഡ്പ്രസ് ഹാക്ക്സ്,  വെബ് ഡിസൈനിംഗുമായി ബന്ധമുള്ള സി.എസ്.എസ് ഹാക്ക്സ്  എന്നിവ ഉദാഹരണമാണമായിപ്പറയാം"

"അപ്പോ എത്തിക്കല്‍ ഹാക്കിംഗിന്നു പറഞ്ഞാലോ....?"
"കമ്പ്യൂട്ടറുകളും നെറ്റ്‍വര്‍ക്കുകളുടെയും സുരക്ഷക്കുവേണ്ടിയുള്ള പെനട്രേഷന്‍ടെസ്റ്റിംഗാണത്.  ഇത് ചെയ്യുന്നവരെ എത്തിക്കല്‍ ഹാക്കര്‍ അല്ലെങ്കില്‍ വൈറ്റ് ഹാറ്റ് ഹാക്കര്‍ എന്നു വിളിക്കും.  
ഹാക്കിംഗ് ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങളും ചെയ്യുന്നവരുണ്ട്.
സൈബര്‍ നിയമങ്ങളെ കാറ്റില്‍ പറത്തുന്നവരെ ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ അഥവാ ക്രാക്കര്‍ എന്നാണ് വിളിക്കുന്നത്..."

ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ സോമന്‍ഹാക്കറുടെ  ഗ്ലാസ് രണ്ടുതവണ ഉയരുകേം താഴുകേം ചെയ്തു.. 
അരലിറ്റര്‍ റമ്മ് എവിടെപ്പോയന്ന് അറിഞ്ഞില്ല.. എനിക്കാണെങ്കി ആകെ കിട്ടിയത് രണ്ട് അറുപതും.. ബാക്കിയുള്ളത് ഈ ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ പെനട്രേഷന്‍ ടെസ്റ്റിംഗ് നടത്തിത്തീര്‍ത്തു.  ഇനി ബില്ല് പറഞ്ഞില്ലെങ്കില്‍ ന്‍റെ ട്രൗസറുകീറും...

ബില്ല് ടേബിളിലില്‍ കൊണ്ടുവച്ചപ്പോ ടോയ്‍ലറ്റില്‍ കേറിയ സോമന്‍ഹാക്കര്‍, ഞാന്‍ ബില്ലും സെറ്റിലു ചെയ്ത് ഒരു ബീഡിയും വലിച്ചു തീര്‍ന്നെട്ടേ മൂത്രമൊഴിച്ചു കഴിഞ്ഞിറങ്ങിയുള്ളു...

ഒടുവില്‍...

നാളെ ബാബുമേശിരീടെ കൂടെ വാര്‍ക്കപ്പണിക്കുപോകാനുള്ളതാണെന്നും പറഞ്ഞു ഒരു ഷേക്ക്ഹാന്‍റും തന്ന് ഹാക്കര്‍ ഇരുളിലേക്ക് പെനിട്രേറ്റുചെയ്തു.....

വാല്‍ക്കഷ്ണം
എന്തു വിദ്യകള്‍ ഉപയോഗിച്ചായാലും സൈബര്‍ക്രൈം ചെയ്താല്‍ അവസാനം ജാമ്യമെടുക്കാന്‍ ആളെ നോക്കേണ്ടിവരും എന്നാണ് ചരിത്രം നമ്മളെ പഠിപ്പിച്ചു തരുന്നത്...
അനോണിയായി പോക്രിത്തരം കാണിക്കാനായി പ്രോക്സി സര്‍വ്വറുകളേയും വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളേയും നമ്പാന്‍ കൊള്ളൂല്ല... ഉഡായിപ്പുവല്ലതും കാണിച്ചാ എപ്പോ ഇവന്‍മാര് നമ്മളെ ഒറ്റിക്കൊടുത്തൂന്ന് ചോദിച്ചാമതി...


പ്രോക്സി ബൈൻഡിംഗ് ടൂളുകള്‍ പോലെയുള്ളവ ഉപയോഗിച്ച് ചിലരൊക്കെ ഇപ്പോഴും നമുക്കുചുറ്റും സക്സസ്സ്ഫുള്‍ അനോണികളായിക്കളിക്കുന്നുണ്ട്. 

കലിപ്പ് സൈബര്‍ നിയമങ്ങളാണ് ലോകത്തെല്ലായിടത്തും ഇന്ന് ഉള്ളത്. 
ഇന്ത്യയിലെ സൈബര്‍ നിയമങ്ങളെക്കുറിച്ചറിയണമെങ്കില്‍ ഇവിടെ ഞെക്കാം.

ഫിഷിംഗ് ഒരു ഫ്ലാഷ്ബാക്ക് .....

പത്തുവര്‍ഷങ്ങള്‍ക്കുമുമ്പുള്ള കാര്യമാണ്... വാസുവല്ല അതിലെ നായകന്‍....(സത്യായും..)

ഹോസ്റ്റലിലെ എന്‍റെയൊരു സീനിയര്‍ ഫിഷിംഗിലു വളരെ തല്‍പരനായിരുന്നു..അവന്‍ എന്തു ചെയ്തെന്ന് വച്ചാല്‍ യാഹുവിന്‍റെ ഒരു ഫേക്ക് പേജ് അവന്‍റെയൊരു കൂതറ സൈറ്റില് ഹോസ്റ്റ് ചെയ്തു.. അതിനുശേഷം യാഹൂ ഗ്രീറ്റിംഗ്സ് കാര്‍ഡിന്‍റെ ലിങ്ക് പെമ്പിള്ളേര്‍ക്ക് അയച്ചുകൊടുക്കും.. ആ ലിങ്ക് യാഹുവിന്‍റെ ഫേക്ക് പേജില്‍... 
കാര്‍ഡ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടി യൂസര്‍നേമും പാസ്‍വേഡും എന്‍റര്‍ചെയ്യണമെന്ന ഇന്‍സ്ട്രക്ഷന്‍ തെളിയേണ്ട താമസം ഈ ഫ്രാഡ് പരിപാടികളെപ്പറ്റി അറിയാത്ത പാവംപെണ്‍കിടാങ്ങള്‍ അവരുടെ ചാരിതാര്‍ത്ഥ്യം അവന്‍റെ ലോഗറില്‍ അടിയറവെയ്ക്കും... ഫിഷിംഗ് സൈറ്റുകളെ പറ്റി ആളുകള്‍ക്ക് ഒരു ധാരണവന്നതോട് കൂടി അവന്‍ ഈ പണി നിര്‍ത്തിയെന്ന് പറഞ്ഞു കേള്‍ക്കുന്നു....

ഫേസ്ബുക്കില്‍ ആവശ്യമില്ലാത്ത ലിങ്കുകളിലൊക്കെ പിടിച്ചുഞെക്കി പാസ്‍വേഡു നാട്ടുകാര്‍ക്ക് കൊടുത്ത് പണിവാങ്ങുന്നവര്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല...

അവന്‍റെ പേര് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ എന്‍റെ ബ്ലോഗ് ഇല്ലാതാക്കിക്കളയുമെന്നാണ് ഫീഷണി.....

ഡേയ് കുട്ടപ്പാ... നിന്‍റെ പേര് വാസുസാറ് പറഞ്ഞിട്ടില്ല കേട്ടാ...


എന്തായാലും ഇത്രേമായി എന്നാപ്പിന്നെ ഇതൂടെ ഇവിടെ വെറുതേകിടന്നോട്ടെ....

Friday, June 25, 2010

34 ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്

വാസു വിവാഹിതരുടെ ക്ലബില്‍ ചേര്‍ന്നത് രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ പതിമൂന്നാം തീയതി ഉച്ചക്ക് കൃത്യം പന്ത്രണ്ട് നാല്‍പ്പത്തഞ്ചിനായിരുന്നു..

രാത്രിയായി..........

ആദ്യരാത്രി....
എ.റ്റി ജോയിയുടെ സിനിമയില് കാ​ണുന്നപോലെയല്ല കാര്യങ്ങളെന്ന് മെല്ലെ മനസിലായി...

ഫാര്യാഫര്‍ത്താക്കന്‍മാരാകുമ്പോ പരസ്പരം ഒന്നും ഒളിക്കരുത് എന്നാണല്ലോ...
ഒരു ബ്രിഡ്ജിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...

പക്ഷേ... ലവള് ഞാന്‍ വിചാരിച്ചപോലല്ല... 

അത് കാണിച്ചുതന്നില്ല....
ആദ്യരാത്രിയല്ലേ... ഞാന്‍ ക്ഷമിച്ചു....
പിറ്റേന്ന് എല്ലാം ശരിയാവും എന്ന് കരുതി...

ഇല്ല.... രക്ഷയില്ലാ......

മൂന്നാം നാള്‍ രാവിലെ.....എന്ത് സംഭവിച്ചാലും അത് കണ്ടിട്ടുതന്നെ കാര്യം എന്നങ്ങു തീരുമാനിച്ചു....

ഇപ്പോ അവള് കുളിക്കുകയാണ്...... ഷവറില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം... എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.....

ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു


എന്നിട്ട് പതുക്കെ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു...
.
.
.
.
കുളിമുറിയോട് ചേര്‍ന്നാണല്ലോ കമ്പ്യൂട്ടര്‍ ടേബിള്‍..
പെട്ടെന്നു തന്നെ പവര്‍ ബട്ടനില്‍ ഞെക്കി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു....

ഇത്രേം നാളായിട്ടും എനിക്ക് കാണിച്ചുതരാത്ത യാഹൂമെയിലിന്‍റെ ഇന്‍ബോക്സ് തുറന്നുകാണണം എന്ന ഒറ്റ ചിന്തമാത്രമേ അപ്പോ മനസില്‍ ഉണ്ടായിരുന്നുള്ളു...

യാഹൂസൈറ്റില്‍ കേറി അവളുടെ ഇമെയില്‍ ഐഡി അടിച്ചു...
ഇനി പാസ്‍വേഡ് അടിക്കണം...

എന്തായാലും പെണ്ണന്നല്ലേ പറയുന്നത്.  ഏതെങ്കിലും കോമണ്‍ പാസ് വേഡായിരിക്കും ഉപയോഗിക്കുന്നത്. 
ചുമ്മാ 123456, 1000, password തുടങ്ങിയ
ഹൈലി സെക്യുര്‍ പാസ്‌വേഡുകള്‍ ട്രൈ ചെയ്തു.  ചിലപ്പോ തുറന്നാലോ...

അത്ഭുതം ഒന്നും സംഭവിച്ചില്ല....സ്ക്രീനില്‍ ഇങ്ങനെ തെളിഞ്ഞുഅട്ടയുടെ പീപ്പി വരെ കണ്ടിട്ടുള്ള വാസൂനോടാ കളി.... 
 i cant access my account എന്ന സാധനത്തില്‍ പിടിച്ചു ഞെക്കി.  ദാ വന്നു പുതിയൊരു പേജ്എന്തും വരട്ടെ... ആദ്യം കാണുന്നത് തന്നെ സെലക്ടു ചെയ്തേക്കാം....എന്നാപ്പിന്നെ യാഹു ഐഡിയും ടൈപ്പാംAlternate email id യോ...സോറി ഞാന്‍ അത്തരക്കാരനല്ല...എന്നാപ്പിന്നെ അവളുടെ  സെക്യരിറ്റി ക്വസ്റ്റ്യന്‍സും കൂടി നോക്കിയിട്ട് പരിപാടി അവസാനിപ്പിക്കാമെന്നു വിചാരിച്ചു ലോ ലത് സെലകട് ചെയ്തു


അത് ശരി...സംഭവം സിംപിള്‍ ക്വസ്റ്റ്യനാണല്ലോ...
ഇതിന്‍റെ ആന്‍സര്‍ അറിയാന്‍ എനിക്ക് വിക്കിപീഡിയല് പോയിനോക്കേണ്ട കാര്യമില്ല....അതടിച്ചുകൊടുത്തിട്ട് നെക്സ്റ്റില് ഞെക്കി...

ശ്ശൊ.... പിന്നേം അടുത്ത ചോദ്യം. 


ഇത് മനുഷ്യനെ കുടുക്കുന്ന ചോദ്യ തന്നെ.. 
ബാലരമ...പൂമ്പാറ്റ... കളിക്കുടുക്ക.. നാന... ചിത്രഭൂമി... ഇതിലേതായിരിക്കും....ഉത്തരം...??

ഡിസ്ക് എടുക്കാന്‍...സോറി റിസ്ക് എടുക്കാന്‍ നിന്നില്ല... നേരെ അവളുടെ ഓര്‍ക്കൂട്ട് പ്രൊവൈലില്‍ കേറി നോക്കി....


ന്‍റമ്മേ... ഹാരി പോട്ടറോ...!! ലിതെക്കെ ചുമ്മാ വെയിറ്റിന് അടിച്ചിട്ടിരിക്കുവാരിക്കും... എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കിയെക്കാം...
ഫാഗ്യം ലത് ആക്സപ്റ്റ് ചെയ്തിരിക്കുന്നു...

അങ്ങനെ  അവിടുന്നും Next അടിച്ച് തോന്നിവാസത്തിന്‍റെ അടുത്ത സ്റ്റെപ്പിലേക്ക് കടന്നു

വെറുതെ കുറെ Next buttons  ഞെക്കി
അങ്ങനെ ഒടുവില്‍ വാസു വിജയിച്ചു..ഇന്‍ബോക്സ് തുറന്നുകണ്ടു.. 


എങ്കിലും....


അവളുടെ ഇന്‍ബോക്സില്‍ നിന്നും ട്രാഷില്‍ നിന്നും യാഹുവിന്‍റെ സര്‍വീസ് മെസ്സേജ് നീക്കം ചെയ്തിട്ടേ ഞാന്‍ അടങ്ങിയുള്ളു.

എന്തായാലും ഇതേ മാര്‍ഗ്ഗത്തില്‍ അവള്‍ വീണ്ടും ഈ അക്കൗണ്ട് ആക്സസ് ചെയ്യും. വെറുതേ എന്തിനാ നമ്മളായിട്ട് ഉണ്ടാക്കിയ ഒരു മെസ്സേജ് അന്യരുടെ മെയില്‍ ബോക്സിലിടുന്നത്...അത് മോശമല്ലേ...


ഇനി അതിലെ സ്പാം മെസജൊക്കെ ഡിലീറ്റിക്കളയണം..

അല്ലെങ്കില്‍ ഫര്‍ത്താവെന്ന് പറഞ്ഞ് നെഞ്ചും വിരിച്ച്(?) നടന്നിട്ടെന്തു കാര്യം...ല്ലേ...


ഇവിടെ വാസൂ, വാസുവിന്‍റെ വൈഫിയുടെ പാസ്‍വേഡ് ആണ് ബ്രേക്ക് ചെയ്തിരിക്കുന്നത്...മറ്റുപലതും ബ്രേക്ക് ചെയ്തട്ടും ഉണ്ടാകും...അത് വാസൂന്‍റെ കുടുംബകാര്യം..ഇമെയില്‍ പാസ്‍വേഡ് ബ്രേക്ക്ചെയ്യാന്‍ സഹായിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങളും സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളുമൊക്കെ വെറുതേ സെര്‍ച്ച് ചെയ്താല്‍ ഏത് പട്ടിക്കുഞ്ഞിനുപോലും കിട്ടും... 


ബട്ട്......

"ആരാന്‍റെ പാസ്‍വേഡ് എടുത്ത് കളിക്കുന്നവര്‍,
ഐ.ടി ആക്ട് സെക്ഷന്‍ 66C പ്രകാരം റെഡി കാഷായി ഒരു ലക്ഷം രൂപ കരുതിക്കോണം. ഭാഗ്യമുണ്ടെങ്കി കമ്പിയുമെണ്ണാം.."


അങ്ങനൊക്കെ ചെയ്യുന്നവര്‍ ചെമലക്കളറില്‍ എഴുതി വച്ചിരിക്കുന്നത് ഓര്‍ക്കുന്നത് നന്നായിരിക്കും....

ആക്ച്വലീ ഈ പോസ്റ്റ്കൊണ്ട് ഞാനുദ്ദേശിക്കുന്നത്.......

ഇമെയിലുമായി ബന്ധപ്പെട്ട് സാധാരണ സംഭവിക്കുന്ന ഒരു സുരക്ഷാപാളിച്ചയാണ് മുകളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്

സൈബര്‍ ലോകത്ത് എപ്പോഴും സുരക്ഷിതരായിരിക്കുക എന്നത് ഒരു വിശ്വാസം മാത്രമാണ്. എപ്പോ വേണമെങ്കിലും നമ്മളുടെ വിവരങ്ങള്‍ മറ്റുവള്ളവരിലേക്ക് എത്താം..അതുപയോഗിച്ച് നമ്മളെ ഭീഷ​​ണിപ്പെടുത്താം, നാറ്റിക്കാം, ധന നഷ്ടങ്ങളും ഉണ്ടാക്കാംഇമെയിലുകളെ ഒരു പരിധി വരെയെങ്കിലും സുരക്ഷിതമാക്കാന്‍ താഴെപ്പറയുന്നവ സഹായിച്ചേക്കും.....

ഒന്ന്:  സെക്യൂരിറ്റി ക്വസ്റ്റ്യന്‍സ് ഉണ്ടാക്കുമ്പോ അതിന്‍റെ ഉത്തരങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാത്തത് ആണെന്ന് ഉറപ്പ് വരുത്തുക

രണ്ട്: വളരെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ എല്ലാവര്‍ക്കും അറിയാവുന്ന ഇമെയിലുകളില്‍ (orkut/yahoo messenger/facebook/other social networks) സൂക്ഷിക്കാതിരിക്കുക


വാല്‍ക്കഷ്ണം: 

ഇത്തരം കൂതറ രീതിയില്‍ അന്യരുടെ ഇമെയില്‍ കുത്തിത്തുറക്കുന്നതിനെ ഹാക്കിംഗ് എന്നു വിളിച്ചാല്‍ ഒറിജനല്‍  ഹാക്കര്‍മാര്‍ എന്നെ ഇഷ്ടികക്ക് എറിഞ്ഞിടും...ഇത്തരം കഞ്ഞി സെറ്റപ്പിന് സ്ക്രിപ്റ്റ് കിഡ്ഡി എന്നാണ് വിളിക്കുന്നത്...വിളിക്കേണ്ടത്...

ഇങ്ങനെയൊക്കെയുള്ള കച്ചടപ്പരിപാടികള്‍ ചെയ്യുന്നവര്‍ക്കും,  താല്‍പര്യമുള്ളവര്‍ക്കും പ്രയോജനം ലഭിക്കാവുന്ന ഒരു പോസ്റ്റുണ്ട്...
അതിലേക്ക് പോണമെങ്കില്‍ ദിവിടെ ഞെക്കുകMonday, June 21, 2010

37 കള്ളുകുടിയന്‍മാര്‍ അറിയാതെ പോകുന്നത്....

വാസുവൊരു ബ്ലോഗറായ കാര്യവും, സൈബര്‍ജാലകത്തില്‍ വാസൂന്‍റെ ഒരു പോസ്റ്റ് വന്നകാര്യവുമൊക്കെ ബി.ബി.സിയില്‍ സ്ക്രോള്‍ ന്യൂസ് വന്നതുകൊണ്ട് കൂട്ടുകാരൊക്കെ അറിഞ്ഞു..

അതിന്‍റെ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് അരിഷ്ടക്കട നടത്തുന്ന ശശി  ദിവസം ഒരമ്പതുപ്രാവശ്യം മിസ്ഡ് കോളടിക്കും...കള്ളുകുടിക്കാനോരോ കാരണങ്ങള്‍..

ശല്യം സഹിക്കാണ്ടായപ്പോ ന്നാപ്പിന്നെ ഇന്ന് വൈകിട്ടുതന്നെ ആ കര്‍മ്മം അങ്ങട് നടത്താമെന്ന് വിചാരിച്ചു...

ഒരു ഓ.സി.ആര്‍ ഫുള്ളുവാങ്ങിക്കൊണ്ടുവരാന്‍ കൈക്കാരന്‍ പയ്യനെവിട്ടു....ആറുമണിക്ക് ക്യൂവില്‍ക്കയറി നിന്നാലേ ഒരു എട്ടുമണിക്കെങ്കിലും സാധനം കയ്യിലുകിട്ടൂ...

ഐഡിയ.......ഈ ഗ്യാപ്പില്‍ ശശിക്ക് കുറച്ച് ചെമസ്ട്രി പറഞ്ഞുകൊടുക്കാം...

അവന്‍റെ ശാസ്ത്രാഭിരുചി(സ്പെല്ലിംഗ് ശരിയാണോ എന്തോ) പരീക്ഷിക്കാന്‍ ഒരു കുഞ്ഞുചോദ്യം ചൂണ്ടയില്‍ കൊരുത്തെറിഞ്ഞു...

"ഡേ.. ശശി.... നീയിപ്പോ ഒരു അറുപത് ഓ.സി.ആറും അറുപത് വെള്ളവും ഒരു ഗ്ലാസില്‍ ഒഴിച്ചു-അപ്പോ ആ ഗ്ലാസില്‍ ടോട്ടല് ഇപ്പം എത്രേം ഉണ്ടാകും?"

"...  നീ കള്ളു വാങ്ങിച്ച് തരുമെന്ന് വിചാരിച്ച്... ഒരുമാതിരി ഓക്ലേശിക്കുന്ന വര്‍ത്താനം പറഞ്ഞാലുണ്ടല്ലോ...".

"ശ്ശെ.. ഞാന്‍ സീരിസായി ചോദിച്ചതാ...എത്രകാണും..ആലോയിച്ചു നോക്കിയാണ്.?"

".....നൂറ്റിഇരുപത്......"(കുറച്ച് ആലോചിച്ചെങ്കിലും ഉത്തരം വന്നു)

"ഹാ...ഹാ... .. ഇത് നീ പറയുമെന്ന് എനിക്കറിയാരുന്നു..അതാ ചോദിച്ചത്...."

"എടാ മണുഗുണാ‍‍‍‍ഞ്ചാ..... എന്നാപ്പിന്നെ എത്ര കാണുമെന്ന് നീ പറഞ്ഞ് ഒലത്ത്.."

"നീ ചൂടാവണ്ട.....ചെമസ്ട്രിപരമായി ഒലത്താന്‍ പറഞ്ഞാല്‍ ആ ഗ്ലാസില്‍ നൂറ്റി ഇരുപത് ഒരിക്കലും ഒണ്ടാവില്ല........"

"ങ്ങേ...അതെന്ത് ഓ.സി.ആറ് ആവിയായിപ്പോണ്ടാണോ..?"
ശശിയുടെ ബ്രെയിന്‍ പ്രവര്‍ത്തിച്ചു തുടങ്ങി

"അല്ലടേ...അത് ഈ ആല്‍ക്കഹോള്‍-വെള്ളം മിശ്രിതത്തിന്‍റെ ഒരു പ്രത്യേകത കൊണ്ടാണ്....."

"യെന്നുവച്ചാലെന്താന്നു തെളിച്ചു പറയടേ...."

"പറയാം... പറയാം....വെള്ളം-ആല്‍ക്കഹോള്‍ മിശ്രിതത്തിന്‍റെ വ്യാപ്തം നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറയുന്നതിന് എന്തുകൊണ്ടാണെന്നുവച്ചാല്‍....


വെള്ളത്തിന്‍റെ തന്മാത്രകള്‍ തമ്മില്‍ ചെറിയ ഗ്യാപുകള്‍ ഉണ്ട്.  ഈ ഗ്യാപുകളില്‍ കുറച്ച് ആല്‍ക്കഹോള്‍ തന്മാത്രകള്‍ക്ക് സ്ഥിതിചെയ്യാന്‍ കഴിയും.
അതിനാല്‍ മിശ്രിതത്തിന്‍റെ വ്യാപ്തം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറവായിരിക്കും"

"തന്മാത്രയും..വ്യാപ്തവും... നീ സംഭവം സിംപിളാക്കി പറ...."

"ഓക്കെ....അങ്ങനെങ്കില്‍ അങ്ങനെ....ഒരു ഗ്ലാസില്‍ പകുതി ഭാഗത്ത് ഗോലികളും മറ്റൊരു ഗ്ലാസില്‍ പകുതിഭാഗം മണലും എടുക്കുക.  ഇത് പരസ്പരം കൂട്ടിച്ചേര്‍ത്താല്‍ ഗോലി-മണല്‍ മിശ്രിതം ഒരു ഫുള്‍ ഗ്ലാസില്‍ കുറവായിരിക്കും.  ന്തായിരിക്കും കാര്യം?"

"ഗോലികള്‍ക്കിടയിലുള്ള ഗ്യാപ്പില്‍ മണല്‍ കേറുന്നതുകൊണ്ടല്ലേ?"

"യെസ്.. ദേര്‍ യൂ ആര്‍...ഇപ്പ കാര്യം മനസിലായില്ലേ....."

"മനസിലായി...മനസിലായി....... ദാണ്ടെ ചെറുക്കന്‍ ഫുള്ളുമായിട്ട് വന്നു...
ഒരു അറുപത് ഓ.സി.ആറും അറുപത് വെള്ളവും ഞാനിപ്പോ മിക്സാന്‍ പോവ്വാ... മിക്സുമ്പോ അത് നൂറ്റിഇരുപത് തന്നെവന്നാ നിന്‍റെ ചെവിക്കല്ല് ഞാന്‍ അടിച്ചു പറിക്കും......."

ഈസ്വരാ ഫവ്വാനേ..... അളവ് കൃത്യമായി കണ്ടുപിടിക്കാന്‍ വേണ്ടി  അരിഷ്ടം അളക്കുന്ന ഗ്ലാസ്സെടുക്കാന്‍ ശശി അകത്തോട്ടു പോയിരിക്കുവാ....
ന്‍റെ ചെമസ്ട്രിപരമ്പര ദൈവങ്ങളേ... എന്‍റെ ചെവിക്കല്ല് നീ കാത്തോളണേ...


സാങ്കേതിക തടസ്സങ്ങള്‍ മാറാന്‍ ദിത് കൂടി വായിച്ചോളൂ....

തന്മാത്രാ...തന്മാത്രാ എന്നു പറഞ്ഞാല്‍  മോഹലാലിന്‍റെ സിനിമയല്ല ഉദ്ദേശിച്ചത്... ദത് ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ ഗുണങ്ങളും കാണിക്കുന്ന ഏറ്റവും ചെറിയ കണികയാണ്. മോളിക്യൂള്‍(molecule) എന്നും ഇംഗ്ലീഷുമീഡിയത്തില്‍ പഠിച്ച അഹങ്കാരികള്‍  ഇതിനെ വിളിക്കാറുണ്ട്

വ്യാപ്തം എന്നാല്‍ ഒരു വസ്തുവിന് സ്ഥിതിചെയ്യാന്‍ ആവശ്യമായ സ്ഥലമാണ്

ആല്‍ക്കഹോള്‍ എന്നത് ഓര്‍ഗാനിക സംയുക്തങ്ങളിലെ ഒരു വിഭാഗമാണ്. ആയിരക്കണക്കിന് വ്യത്യസ്തമായ ആല്‍ക്കഹോള്‍ സംയുക്തങ്ങളുണ്ട്.
അതില്‍ത്തന്നെ കുടിച്ചാല്‍ കണ്ണുപോകാത്തതും, മാദക ഗന്ധമുള്ളതും, ബ്‍വ്റജ്സില്‍ കിട്ടുന്നതും  എഥനോള്‍   എന്ന ആല്‍ക്കഹോള്‍ മാത്രമാണ്....എഥനോളിന്‍റെ ഇരട്ടപ്പേരാണ് ഈതൈല്‍ ആല്‍ക്കഹോള്‍ കേട്ടോ....


അപ്പോ ഇനി ചിയേഴ്സ്.......

Saturday, June 19, 2010

23 ഡി.എന്‍.എസ്സ് സെര്‍വ്വറിനൊരു ചുറ്റുവിളക്ക്

ഡും...ഡും...ഡുംഡും...ഡൂംഡൂംഡൂം....

ആ കൂതറ ശബ്ദം കേട്ടാണ് ഇന്ന് രാവിലെ കണ്ണുവിരിഞ്ഞുണര്‍ന്നത്...
സൂര്യനുദിച്ചിട്ട് വെറും നാലുമണിക്കൂറേ ആയുള്ളു ഏതു കോപ്പനാ ഈ അതിരാവിലെ മനുഷ്യനെ ശല്യപ്പെടുത്താന്‍...

നല്ലൊരു തെറി പെട്ടെന്നു വിളിക്കാന്‍ പാകത്തിന് മെമ്മറിയില്‍ ലോഡ് ചെയ്ത് കതകു തുറന്നു...

ങേ...തങ്കപ്പനാശാന്‍...ന്‍റെ കമ്പ്യൂട്ടര്‍ ഗുരു...

"എന്താ ആശാനേ രാവിലെ?"
"ഡേയ് നീയെനിക്കൊരു അമ്പതു രൂപാ താ...ഒരു അര്‍ച്ചന നടത്താനുണ്ട്".

ആശാന്‍റെ  ഫാഷയില്‍ അര്‍ച്ചനയെന്ന് പറഞ്ഞാല്‍ ക്വാട്ടറാണ്......
എന്തായാലും ആ പരമ ഭക്തന് ചുറ്റുവിളക്കൊന്നും നടത്താന്‍ തോന്നാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് കാശെടുത്തുകൊടുത്തു.

എന്തായാലും കാശുപോയി എന്നാപ്പിന്നെ എങ്ങനെങ്കിലും അതു മുതലാക്കണമെന്ന് വിചാരിച്ച് ഒരു ചോദ്യമങ്ങ് എറിഞ്ഞു...

"DNS സെര്‍വ്വര്‍ മാറ്റിക്കൊടുത്താ എങ്ങനാ ബ്രൗസിംഗ് സ്പീഡ് കൂടുന്നേ?"


"എടാ മണ്ടാ അത് നിനക്കറിഞ്ഞൂടേ...അതായത് ഈ DNS സെര്‍വ്വര്‍ എന്ന് പറഞ്ഞാ സിംപളായി....
നീ ഇപ്പോ www.google.com എന്ന് അടിച്ചുകൊടുക്കുന്നു എന്നു വിചാരിക്കുക അതിനെ ഇവന്‍ 66.102.7.104 പോലെ ഒരു ഐ.പി  അഡ്രസായി മാറ്റുന്നു.  ഈ പ്രക്രിയ എത്ര വേഗത്തില്‍ നടക്കുമോ അത്രേം വേഗത്തില്‍ നിനക്ക് ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സാധിക്കും."

"..പക്ഷേ  ഇപ്പോഴും ആ പ്രതിക്രിയയൊക്കെ നടക്കുന്നുണ്ടല്ലോ.."

"പ്രതിക്രിയയല്ലടാ പ്രക്രിയ..പ്രക്രിയ..
അത്..ഇപ്പോഴും നടക്കുന്നുണ്ട്.. പക്ഷേ ഇപ്പോ നീ ഉപയോഗിക്കുന്നത് നിന്‍റെ സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറാണ്.. മിക്കവാറും അത്  മെല്ലെയായിരിക്കും പ്രവര്‍ത്തിക്കുന്നത്"

"അപ്പോ ഇതെങ്ങനെ മാറ്റും...വേറെ എന്താ മാര്‍ഗ്ഗം..???"


"വേറെ ഒരുപാട് DNS സെര്‍വ്വറുകളൊക്കെയുണ്ട്. പക്ഷേ അതില്‍ ഏതിനാണ് സ്പീഡെന്ന് മനസിലാക്കണം. 


അത് മനസിലാക്കാന്‍ ഉള്ള ഒരു ഫ്രീ ടൂളാണ് NameBench നീ അതിന്‍റെ ലിങ്കില്‍ ക്ലിക്കി ഡൗണ്‍ലോഡുചെയ്ത് ഇന്‍സ്റ്റാള്"

"ചെയ്തു...അപ്പോ ദിങ്ങനെ വരുന്നു ആശാനേ..."

"... നീ അതിനെയെടുത്ത് ബെഞ്ച്മാര്‍ക്ക് ടെസ്റ്റുകൊടുക്ക്...ഇതിനു കുറച്ചു സമയം പിടിക്കും.....""ആശാനേ.....ദാ ഇപ്പം ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്തു..."

"...ആ റിപ്പോര്‍ട്ടില്‍ റെക്കമന്‍റഡ് കോണ്‍ഫിഗറേഷന്‍ കാണും
അതെടുത്ത് DNS കോണ്‍ഫിഗറേഷനില്‍ പൂശ്"

"അതെങ്ങനാ ആശാന?"
"ഡേ നീ ഡെസ്ക്റ്റോപ്പിലുള്ള My Network Places ഐക്കണില്‍ റൈറ്റ് ക്ലിക്കു ചെയ്ത് അത്ന്‍റെ Properties എടുക്ക്
എന്നിട്ട് Local Area Connection ല്‍ ക്ലിക്ക്

അതിന്‍റേം Properties ല്‍ ക്ലിക്ക് 

ഇനി Internet Protocol version4 (TCP/IPv4) സിലക്ട് ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യ് അല്ലെങ്കില്‍ അതിന്‍റേം Properties ല്‍ ക്ലിക്കു ചെയ്യ്

use following DNS server addresses  എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷന്‍ ഇവിടെ അടിച്ചിടുകഅല്ലെങ്കില്‍ ഇതിന്‍റെ Advanced ടാബില്‍ ക്ലിക്കി താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം

.... ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്തു നോക്ക്"

തള്ളേ...കൊള്ളാം... ഇപ്പം ഇദ് പൊളപ്പനായി പേജൊക്കെ ലോഡു ചെയ്യുന്നുണ്ട്.... ഡാങ്ക്യൂ ആശാനേ ഡാങ്ക്യൂ....

പക്ഷേ നന്ദിപറയാന്‍ നോക്കിയപ്പോ ആശാനെ കണ്ടില്ല...
ചതിച്ചോ കാവിലമ്മേ......
ഞാന്‍ ഓടി.....
.
.
.

ഓടിച്ചെന്ന് .....

പേഴ്സ് തുറന്നുനോക്കി...... ഒരു ചുറ്റുവിളക്കിനുള്ള കാശ് അതില്‍  നിന്നും അപ്രത്യമായിരിക്കുന്നു..!!വാല്‍ക്കഷ്ണം
ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ 
obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി


NameBench.ഒരു ഓപ്പണ്‍സോഴ്സ് ബെഞ്ച്മാര്‍ക്ക് യൂട്ടിലിറ്റിയാണ് കൂടുതലറിയണമെങ്കില്‍ ഇവിടെ ഞെക്കാം 

Wednesday, June 16, 2010

12 ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്..

സ്ഥിരമായി ഉപയോഗിക്കുന്ന നാലു ബ്രൗസറുകളിലായി കുറേയേറെ ബുക്ക്മാര്‍ക്കുകള്‍... ആദ്യമൊക്കെ ഇതിനെ ബുക്ക്മാര്‍ക്ക് മാനേജേഴ്സ് വെച്ച് സിങ്ക്രനൈസ് ചെയ്യാറുണ്ടായിരുന്നു... ഇപ്പോ നെടുമുടിവേണുവിനെപ്പോലെ വയ്യ... മടുത്തു... എന്ന അവസ്ഥയിലായി


മറ്റു കമ്പ്യൂട്ടറുകളില്‍ ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് നടത്തേണ്ടിവരുമ്പോള്‍
ലാപ്ടോപില്‍ സേവ് ചെയ്തുവച്ചിരിക്കുന്ന ന്‍റെ സ്വന്തം ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ, കണ്ണു നിറഞ്ഞിട്ടുണ്ട്... പലവട്ടം...സത്യം..


ഈ പ്രശ്നത്തെ  പോര്‍ട്ടബള്‍ ബുക്ക്മാര്‍ക്ക് മാനേജേഴ്സ് ഉപയോഗിച്ച് കുറച്ചു കാലം അഡ്ജസ്റ്റ് ചെയ്തിരുന്നു... പക്ഷേ വ്യത്യസ്തങ്ങളായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നതുകൊണ്ട് ഇനി അതും നടക്കില്ല...അങ്ങനെ ആ പണിയും പാളി...


അപ്പോഴാണ്..ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗിനെപ്പറ്റി തങ്കപ്പനാശാന്‍ പണ്ടു പറഞ്ഞുതന്നിട്ടുള്ളത് ഓര്‍ത്തത്.


ആദ്യം ഗൂഗിളാന്‍റിയോട് ഫ്രീ ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ് സൈറ്റുകളുണ്ടോന്ന് ചോദിച്ചു....അപ്പോ.. കുറേ സൈറ്റുകളുടെ പേരുകളൊക്കെ പറഞ്ഞുതന്നു.. . പക്ഷേ ഫ്രീയായതുകൊണ്ടാണോ എന്നറിയില്ല.. ചിലവന്‍മാരു ബുക്ക്മാര്‍ക്കുകളെ അങ്ങട് ശരിയായിട്ടു കൈകാര്യം ചെയ്യുന്നില്ല.... 


തോറ്റുകൊടുക്കാന്‍ പറ്റുവോ...അതുകൊണ്ട് പിന്നെയും...  തെരഞ്ഞു...... കുറേക്കഴിഞ്ഞപ്പോ ഒരെണ്ണത്തിനെക്കിട്ടി... അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും തരുന്നുണ്ട്... ദിവിടെ ഞെക്കി അവന്‍റെ സൈറ്റിലേക്ക് കേറി....


കൊളളാം ഒരു സെറ്റപ്പൊക്കെയുണ്ട്... 


ഇനിയിതില്‍ sign up ചെയ്യണം...
  
 യൂസര്‍നേമും പാസ്‍വേഡും ഗോടുത്തു...


 എല്ലാം ശരിയായീന്ന്... ഇനി ഇതെങ്ങനാന്ന് നോക്കട്ടെ....HOW TO ല് ഞെക്കാം


 ഓഹോ..ഫയര്‍ഫോക്സിലാണെങ്കി രണ്ടിനേം ഡ്രാഗ് ചെയ്ത് ബുക്ക്മാര്‍ക്ക് ടൂള്‍ബാറിലിട്ടാ മതിയായിരുന്നു...... 

പക്ഷേ....ദിതിപ്പോ  എക്സ്പ്ലോറര്‍ ആയതുകൊണ്ട്...  bookmarks, add എന്ന രണ്ടു സാധനങ്ങളേം  റൈറ്റ് ക്ലിക്കി ഫേവറിറ്റ് ബാറിലേക്ക് ഇടുകയേ രക്ഷയുള്ളു...


അപ്പോ ദിങ്ങനെ വന്നു..


ഇനി bookmarks ല്‍ ഞെക്കിയാ... login വരും... 


ശരി ന്നാല്‍ ലോഗിന്നിയേക്കാം.

 അങ്ങനെ കല്ലു ചൂടായി... ഇനി ബുക്ക്മാര്‍ക്ക് ചുട്ടെടുത്താമതി


എന്‍റെ പഴയ ബുക്ക്മാര്‍ക്കൊക്കെ ഇതിലോട്ട് import ചെയ്യണം.


അതിനും മുമ്പ്.. ബ്രൗസറുകളിലുള്ള ബുക്ക്മാര്‍ക്കുകളെയൊക്കെ ഏതെങ്കിലും ഫയലിലേക്ക് export  ചെയ്താലേ പറ്റൂ.... 
അതൊക്കെ ഓരോ ബ്രൗസറിനും ഓരോ രീതിയിലാ... എന്താ ചെയ്ക...


എന്തായാലും ദിങ്ങനെ ചെയ്തു
internet explorer: favourite>add to favourite>import and export>export to a file.....
chrome: settings>bookmarks manager>organize>export bookmarks 
firfox: bookmarks>organize bookmarks>import and backup>export HTML
opera: fiel>import and export>export bookmarks as HTML


.
ഓരോന്നും വേറെവേറെ പേരുകളില്‍ സേവി......


ഇനിയിതിനെയെടുത്ത് ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിലേക്കിലേക്ക് import ചെയ്തു തള്ളണം... അതിന് അതിന്‍റെ setting ലു ഞെക്കി...അപ്പോ ദിങ്ങനെ വന്നു...
 import bookmark ല്‍ ഞെക്കിനോക്കട്ട് ...
 import ചെയ്യേണ്ട ഫയലെവിടെയെന്ന് ചോദിക്കുന്നു...browse ല്‍ ഞെക്കിയിട്ട് സ്ഥലം പറഞ്ഞുകൊടുത്തേക്കാം


അരേ വ്വാ...വ്വാ.... എല്ലാം കിട്ടി.... എല്ലാം ദിതില്‍ വന്നു.....


ഇനി എങ്ങനെയാണാവേ ഇതിലേക്ക് പുതുതായി ബുക്ക്മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നത്... കണ്ടു പിടിച്ചട്ടു തന്നെ വേറെ കാര്യം... 

ഹും.. വെറും സിംപിള്‍... ഏത് വെബ് പേജാണോ ബുക്ക്മാര്‍ക്ക് ചെയ്യേണ്ടത് അതില്‍ നിന്ന് ടൂള്‍ബാറില്‍ നേരത്തെതന്നെ എടുത്ത് പൂശിയിട്ടിരിക്കുന്ന add കട്ടയില്‍ ഞെക്കിയാ മതി


 അപ്പോ ദിങ്ങനെ വരും...ചുമ്മാ ഓക്കേന്നു അടിച്ചാ അദ് നമ്മുടെ ബുക്ക്മാര്‍ക്കില് സേവും...


ഇനിയിതൊക്കെ വേറെ സിസ്റ്റത്തില്‍ നിന്ന് ആക്സസ് ചെയ്യണമെങ്കി ഇവന്‍മാരുടെ സൈറ്റില് കേറി നമ്മുടെ യൂസര്‍നേമും പാസ്‍വേഡും ചുമ്മാ അടിച്ചു കൊടുത്താ മതി...ഈ സൈറ്റിന്‍റെ അഡ്രസ് ഞാനെപ്പോഴും മറക്കും അതുകൊണ്ട് ഇതിന്‍റെ ഒരു ലിങ്ക് എന്‍റെ ബ്ലോഗിലും ഇമെയിലിലും ഇട്ടിട്ടുണ്ട്...എങ്ങനെയുണ്ടെന്‍റെ പുത്തി....‍‍‍
വാല്‍ക്കഷ്ണം:
മറ്റു കമ്പ്യൂട്ടറുകളില്‍ ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് നടത്തേണ്ടിവരുമ്പോള്‍
നമ്മുടെ സ്വന്തം കമ്പ്യൂട്ടറിലെ ബുക്ക്മാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതെവരുന്ന ബുദ്ധിമുട്ട് പലര്‍ക്കും ഉണ്ടാകാറുണ്ട്

ഇവിടെയാണ് ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗിന്‍റെ പ്രസക്തി. ഒരു യൂസര്‍നേമും പാസ്‍വേഡും ഉപയോഗിച്ച് ഇതുവരെയുള്ള നമ്മുടെ ബുക്ക്മാര്‍ക്കുകളെ ഏതൊരു സിസ്റ്റത്തിലും ഇരുന്നും ആക്സസ് ചെയ്യാം.  
ഏതു സിസ്റ്റലിത്തിരുന്ന് ബ്രൗസുചെയ്യുമ്പോഴും പുതിയ ബുക്ക്മാര്‍ക്കുകള്‍ നമ്മുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കാം  എന്ന സൗകര്യം അത്ര ചെറുതായിക്കാണേണ്ട. 
മാത്രമല്ല ബുക്ക്മാര്‍ക്കുകള്‍ തരം തിരിക്കാനും ഇതില്‍ സൗകര്യങ്ങളുണ്ട്. 
സിസ്റ്റം ക്രാഷ്,  ബ്രൗസര്‍ റീഇന്‍സ്റ്റലേഷന്‍ മുതലായവ കാരണം പലപ്പോഴായി ശേഖരിച്ച ബുക്ക്മാര്‍ക്കുകള്‍  നഷ്ടമാകുമെന്ന് പേടിയും ഒഴിവാക്കാം..


സോ... ഹാപ്പി ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്....


ഇനിയൊരു കാര്യം കൂടി പറയാനുണ്ട്...
ഈ പോസ്റ്റ് മലയാളത്തിലെ പ്രമുഖ ടെക്കി സൈറ്റായ സൈബര്‍ജാലകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇക്കാരണത്താല്‍ പ്രസ്തുത സൈറ്റിന് ഹിറ്റുകളില്‍ കാര്യമായി കുറവുകള്‍ ഉണ്ടായാല്‍ ഈ പാവം വാസു ഉത്തരവാദിയായിരിക്കുകയില്ല